ദേശീയ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ നടത്തിയ ശ്രദ്ധേയമായൊരു പരീക്ഷണമായിരുന്നു 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ മുസ്‌ലിംസംഘടനകളുടെ മുന്‍കൈയില്‍ നടന്ന അസം ഐക്യ ജനാധിപത്യമുന്നണി (എ.യു.ഡി.എഫ്). ജമ്മു-കശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള അസമില്‍ തുടര്‍ച്ചയായി ഭരണത്തിലേറിയവരൊക്കെയും ന്യൂനപക്ഷങ്ങളോട് കടുത്ത അവഗണനയും വിവേചനവും വെച്ചുപുലര്‍ത്തി. ഇതിനെതിരായ ക്രിയാത്മകമായ ചെറുത്തുനില്‍പിനുള്ള ശ്രമമായിരുന്നു ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, നദ്‌വതുത്തഅ്മീര്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 13 പാര്‍ട്ടികള്‍ രൂപവത്കരിച്ച ന്യൂനപക്ഷസംഘടനകളുടെ സംയുക്തസമിതിയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മൈനോറിറ്റി ഓര്‍ഗനൈസേഷന്‍സ് (സി.സി.എം.ഒ). ന്യൂനപക്ഷ ശാക്തീകരണം ലക്ഷ്യമിട്ട ഈ മുന്നണിയില്‍നിന്നാണ് തുടര്‍ന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.യു.ഡി.എഫ് രൂപംകൊള്ളുന്നത്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ സംസ്ഥാനനേതാവും പ്രമുഖ സുഗന്ധവ്യാപാരിയും അസമില്‍ സാമൂഹികസേവനരംഗത്ത് മുന്‍നിരയിലുള്ള അജ്മല്‍കുടുംബത്തിലെ മുതിര്‍ന്ന അംഗവുമായ ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങിയ എ.യു.ഡി.എഫ് 71 സീറ്റുകളില്‍ മല്‍സരിച്ച് 10ല്‍ ജയം നേടി. രാഷ്ട്രീയപാര്‍ട്ടിയായി രജിസ്‌ട്രേഷന്‍ ലഭിച്ച് ഒന്നര മാസത്തിനകം, വോട്ടെടുപ്പിന് ഒരാഴ്ചമുമ്പ് ലഭിച്ച ചിഹ്‌നവും കൊണ്ട് പൊരുതിയ പാര്‍ട്ടിക്ക് എത്തിപ്പിടിക്കാവുന്ന ഏറ്റവും വലിയ വിജയം. നൂറില്‍കുറഞ്ഞ വോട്ടുകള്‍ക്കാണ് രണ്ട് സീറ്റുകള്‍ നഷ്ടമായത്. ഇരുപതിലേറെ സീറ്റുകളില്‍ പാര്‍ട്ടി രണ്ടാംസ്ഥാനത്തെത്തി. സി.സി.എം.ഒയെ പൂര്‍ണ മനസ്സോടെ രക്ഷാധികാരവേദിയായി തങ്ങളോടൊപ്പം നിര്‍ത്താന്‍ കഴിയാതെ പോയത് വിജയത്തിന്റെ മാര്‍ജിന്‍ കുറച്ചതായി വിമര്‍ശവുമുണ്ട്.
അതേസമയം, 2006ലെ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിസ്മയമായി കുതിച്ചുയര്‍ന്ന എ.യു.ഡി.എഫ് ശേഷമുള്ള പ്രകടനത്തില്‍ ഇടറുന്നതായി നിരീക്ഷണമുണ്ട്. രണ്ടു സീറ്റില്‍ വിജയിച്ച നേതാവ് ബദ്‌റുദ്ദീന്‍ അജ്മല്‍ പാര്‍ലമെന്റ് അംഗമായതിനെത്തുടര്‍ന്ന് വിട്ടുകൊടുത്ത ഒരു സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എ.യു.ഡി.എഫ് പരാജയപ്പെട്ടതും രാജ്യസഭയിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് അംഗങ്ങള്‍ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്തതും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അകത്തുനിന്ന് ഈ പ്രതിസന്ധികള്‍ നേരിടുമ്പോഴും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായൊരു മുന്നേറ്റം നടത്തുമെന്നുതന്നെ എ.യു.ഡി.എഫ് പറയുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ പുതുക്കക്കാരായ തങ്ങളുടെ പ്രകടനം, പാര്‍ട്ടി കൈവരിച്ച നേട്ടങ്ങള്‍, വരും തെരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍-ദിസ്‌പൂരില്‍ എം.എല്‍.എ ഹോസ്റ്റലിലെ ബി വണ്‍ ബ്ലോക്കില്‍വെച്ച് കാണുമ്പോള്‍ പാര്‍ട്ടി നിയമസഭാകക്ഷി നേതാവ് സിറാജുദ്ദീന്‍ അജ്മലിന് ഏതിലും ആത്മവിശ്വാസവും പ്രത്യാശയും മാത്രം. ജ്യേഷ്ഠന്റെ അനുഗ്രഹാശിസ്സുകളോടെ ബിസിനസില്‍നിന്ന് രാഷ്ട്രീയത്തിലേക്കു കടന്ന് ആദ്യാവസരത്തില്‍തന്നെ പാര്‍ട്ടിലീഡറായി ഉയര്‍ന്ന സിറാജുദ്ദീന്‍ 'മാധ്യമ'ത്തിന് നല്‍കിയ അഭിമുഖത്തില്‍നിന്ന്.
ന്യൂനപക്ഷരാഷ്ട്രീയത്തില്‍ ഏറെ പ്രതീക്ഷകളുണര്‍ത്തിയ നീക്കമായിരുന്നു അസമിലെ ന്യൂനപക്ഷസംഘടനകളുടെ സംയുക്തവേദിയും തുടര്‍ന്ന് നിയമസഭാതെരഞ്ഞെടുപ്പില്‍ എ.യു.ഡി.എഫ് നടത്തിയ പരീക്ഷണവും. തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?
l ശരിയാണ്, സംസ്ഥാനം മാത്രമല്ല, രാജ്യമെങ്ങും ആകാംക്ഷയോടെ ഉറ്റുനോക്കിയ അരങ്ങേറ്റമായിരുന്നു ഞങ്ങളുടേത്. ന്യൂനപക്ഷങ്ങളുടെ ഒരു പുതിയ മുന്നേറ്റം എന്ന നിലയില്‍ ഞങ്ങളുടെ ബാധ്യത ഭാരിച്ചതായിരുന്നു. താങ്കള്‍ സൂചിപ്പിച്ച കോഓഡിനേഷന്‍ കമ്മിറ്റിയെക്കുറിച്ച് പറയാന്‍ ഞാനാളല്ല. അതിന്റെ സൂത്രധാരന്‍ ബദ്‌റുദ്ദീന്‍സാഹിബായിരുന്നു. സംയുക്തവേദിക്കും തുടര്‍ന്ന് അവരുടെ ആശീര്‍വാദത്തോടെയുള്ള രാഷ്ട്രീയനീക്കത്തിനും മുന്‍കൈയെടുത്തതും അദ്ദേഹമായിരുന്നു. മുംബൈയില്‍ ബിസിനസുമായി കഴിഞ്ഞ എന്നെ തെരഞ്ഞെടുപ്പ് അടുത്ത സന്ദര്‍ഭത്തില്‍ അസമിലേക്കു വിളിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിലെ പ്രകടനവും നിയമസഭാകക്ഷിയുടെ ഇടപെടലുകളും സംബന്ധിച്ച് ഞാന്‍ തൃപ്തനാണ്. ആവുന്നത്ര ഞങ്ങള്‍ ജനപ്രതിനിധികള്‍ എന്ന ചുമതല നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ട്. 62 വര്‍ഷമായി ഒരു പുതിയ റോഡുപോലും ഇല്ലാതിരുന്ന എന്റെ ജമുനാമുഖ് മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 33 കിലോമീറ്റര്‍ റോഡിന്റെ പണി പൂര്‍ത്തിയായി. പ്രളയക്കെടുതിയില്‍ പാര്‍ട്ടിയുടെ സ്വന്തം നിലയിലും സംസ്ഥാനസര്‍ക്കാര്‍ വഴിയും കോടികളുടെ തന്നെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരു രാഷ്ട്രീയകക്ഷി എന്ന നിലയില്‍ ഇതൊന്നും വലിയ കാര്യമല്ല എന്നറിയാം. എന്നാല്‍ നവാഗതര്‍ എന്ന നിലക്ക് ഇതത്ര മോശമാണെന്നും തോന്നുന്നില്ല.
പാര്‍ട്ടി എം.എല്‍.എമാരുടെ പ്രകടനത്തില്‍ സംതൃപ്തനാണോ?
l എല്ലാവരും പൂര്‍ണസംതൃപ്തി നല്‍കുന്നു എന്നു പറയാനാവില്ല. എങ്കിലും ഒമ്പതു പേരില്‍ അമ്പതുശതമാനം വിജയമാണെന്നു തന്നെ പറയും. കോണ്‍ഗ്രസിനോ മറ്റു പാര്‍ട്ടികള്‍ക്കോ ഒന്നും ഇത്രയും അവകാശപ്പെടാനാവുന്നില്ല എന്ന് അവര്‍തന്നെ സമ്മതിക്കുന്നുണ്ട്. ഞാന്‍ മാത്രമല്ല, മുഴുവന്‍ എം.എല്‍.എമാരും പുതുമുഖങ്ങളാണ്. അതിന്റെ ഇടര്‍ച്ചകള്‍ കണ്ടെന്നുവരും.
പണ്ഡിതസംഘടനയായ ജംഇയ്യത്തുല്‍ ഉലമ സ്വന്തം ആഭിമുഖ്യത്തില്‍ ഇതാദ്യമായാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. അനുഭവം എന്തു പഠിപ്പിച്ചു?
l ജംഇയ്യത്തിന്റെ കാര്യം പറയുകയാണെങ്കില്‍, രാഷ്ട്രീയം പുതിയ വിഷയമല്ല. സ്വാതന്ത്ര്യസമരകാലം തൊട്ടേ അതിന്റെ സജീവമായ രാഷ്ട്രീയ ഭാഗഭാഗിത്വം അറിയാമല്ലോ. എന്നാല്‍ അസമിലെ പരീക്ഷണം പുതിയതായിരുന്നു. അതുവഴി ഒന്നു വ്യക്തമായി. ജനോപകാരപ്രദമായി വല്ലതും ചെയ്യാന്‍ പ്രതിബദ്ധതയുള്ള പണ്ഡിതനിരയുടെ പിന്‍ബലമുള്ള സംഘടനക്ക് സാധിക്കും. രാഷ്ട്രീയം മറ്റുള്ളവര്‍ക്കുമാത്രമായി വിട്ടുകൊടുക്കേണ്ട ഏര്‍പ്പാടല്ല. നിലത്തിറങ്ങി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കാര്യങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കാനാവുക. കുറേയധികം നല്ല കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. അതില്‍ ഏറ്റവും പ്രധാനം ഒരു നല്ല രാഷ്ട്രീയ സമ്മര്‍ദശക്തിയായി മാറി എന്നതുതന്നെ.
അസമില്‍ ഇത്രയളവില്‍ മുസ്‌ലിം ന്യൂനപക്ഷമുണ്ടായിട്ടും ഇന്നോളം സര്‍ക്കാര്‍ അവരെ പരിഗണിച്ചിരുന്നതേയില്ല. ഇപ്പോള്‍ തരുണ്‍ ഗഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌സര്‍ക്കാറിന്റെ മുസ്‌ലിംസ്‌നേഹം കരകവിഞ്ഞൊഴുകുകയാണ്. എ.യു.ഡി.എഫിന്റെ ആവശ്യം മുസ്‌ലിംകള്‍ക്കില്ല, അവര്‍ക്കുവേണ്ടത് തങ്ങള്‍ തന്നെ ചെയ്യുന്നുണ്ട് എന്നു ബോധ്യപ്പെടുത്താനുള്ള മല്‍സരമാണിപ്പോള്‍. എല്ലാ മുസ്‌ലിം മതകലാലയങ്ങള്‍ക്കും സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചു. മദ്‌റസാ ബോര്‍ഡുകള്‍ക്കായി 200 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ന്യൂനപക്ഷമേഖലയായ ബാര്‍പേട്ടയില്‍ പുതുതായി യൂനിവേഴ്‌സിറ്റി അനുവദിച്ചിരിക്കുന്നു. ഇങ്ങനെ അനിതരസാധാരണമായ നിലയിലാണിപ്പോള്‍ മുസ്‌ലിംക്ഷേമ പരിപാടികള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ആവട്ടെ, വെറും ഒമ്പതു സീറ്റുമായി പ്രതിപക്ഷത്തിരിക്കുന്ന എ.യു.ഡി.എഫിന് നിയമസഭയിലെ സാന്നിധ്യം കൊണ്ടുമാത്രം ഇത്ര വലിയ കാര്യങ്ങള്‍ ചെയ്യാന്‍വേണ്ടി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുന്നുണ്ടല്ലോ, ദൈവത്തിനു സ്തുതി.
ഗഗോയ് സര്‍ക്കാറിന്റെ ഈ ആവേശത്തിനു മുന്നില്‍ എ.യു.ഡി.എഫ് അപ്രസക്തമാകുകയില്ലേ? കോണ്‍ഗ്രസിനെ തന്നെ തങ്ങളുടെ ഇംഗിതത്തിനു ലഭിക്കുമ്പോള്‍ പിന്നെ എ.യു.ഡി.എഫ് പോലൊരു പുത്തന്‍പാര്‍ട്ടിയെ പിന്തുണച്ച് അവരെന്തിന് ഭാഗ്യപരീക്ഷണത്തിനു പോകണം?
l ജനം അത്ര വിഡ്ഢികളൊന്നുമല്ല. ഇത്രകാലമുള്ള കോണ്‍ഗ്രസ് സര്‍ക്കാറുകളെ അവര്‍ കണ്ടതാണല്ലോ. കഴിഞ്ഞ നാലുവര്‍ഷമായി സംഭവിച്ച മാറ്റം എങ്ങനെ വന്നുവെന്ന് അവര്‍ നോക്കുന്നുണ്ട്. എ.യു.ഡി.എഫ് ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് അവര്‍ക്ക് നന്നായി മനസ്സിലാകും. ബിസിനസ് അറിയുന്ന തങ്ങള്‍ക്ക് വോട്ടര്‍മാരുടെ അഭിരുചി സംബന്ധിച്ചും കൃത്യമായ നിരീക്ഷണത്തിലെത്താനാവും. അതുവെച്ചു തന്നെയാണ് പറയുന്നത്, വരും തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിന്റെ ഈ നീക്കങ്ങളെല്ലാം അതിന്റെ നിമിത്തമായ ഞങ്ങളുടെ പെട്ടിയില്‍ വോട്ടുകളായി വീഴും. അത് പരമാവധി ഭദ്രമാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. പ്രതിപക്ഷത്തിരുന്ന് വെറും സമ്മര്‍ദം കൊണ്ടുകളിക്കുകയല്ല, ഭരണത്തില്‍ പങ്കാളിത്തം വഹിച്ച് ന്യൂനപക്ഷങ്ങളുടെയും അസമിന്റെയും ഉന്നമനത്തിന് യത്‌നിക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം.
അതൊരു അതിരുകടന്ന ആത്മവിശ്വാസമല്ലേ?
l അല്ല, ഉറച്ച ആത്മവിശ്വാസം തന്നെയാണ്. ജനങ്ങള്‍ കാര്യമൊന്നും മനസ്സിലാക്കാത്ത വിഡ്ഢികളായിത്തുടരണം എന്ന് നിങ്ങള്‍ക്ക് ഇത്ര നിര്‍ബന്ധമെന്തിന്? അവര്‍ എല്ലാം കാണുന്നു, മനസ്സിലാക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 25 സീറ്റുകളെങ്കിലും നേടാനാവുമെന്നാണ് പ്രതീക്ഷ. ഇത് വെറുമൊരു വര്‍ത്തമാനമല്ല. കഴിഞ്ഞ പാര്‍ലമെന്റ്‌തെരഞ്ഞെടുപ്പിലെ വോട്ടുനിലയനുസരിച്ച് 26-27 സീറ്റുകളില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. അതിനാല്‍ ഇത് കവിഞ്ഞൊരു മോഹമൊന്നുമല്ല. അത്രയും സീറ്റ് നേടാനുള്ള തയാറെടുപ്പിലാണ് മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തനിച്ചാണ് മല്‍സരിച്ചത്. എന്നാല്‍ വരുംതവണ മുന്നണിയായി തെരഞ്ഞെടുപ്പിന് നീങ്ങാനുള്ള ആലോചനയിലാണ്. കേന്ദ്രത്തില്‍ യു.പി.എയെ പിന്തുണക്കുന്നുവെങ്കിലും അസമില്‍ ഞങ്ങള്‍ കോണ്‍ഗ്രസ്‌വിരുദ്ധ ചേരിയിലാണ്. അസം ഗണപരിഷത്തുമായും ഇടതുസംഘടനകളുമായും ചര്‍ച്ചക്ക് ശ്രമിക്കുന്നുണ്ട്. എ.ജി.പി താല്‍പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. ബി.ജെ.പിയെ കൈയൊഴിഞ്ഞു വരുകയാണെങ്കില്‍ അവരുമായി സഖ്യചര്‍ച്ചക്ക് തയാറാകും.
71 സീറ്റുകളില്‍ മല്‍സരിച്ച എ.യു.ഡി.എഫ് 26 സീറ്റില്‍ മുസ്‌ലിം ഇതര ന്യൂനപക്ഷ സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയത്. ഇതിനിയും തുടരുമോ?
l എ.യു.ഡി.എഫിനെ മുസ്‌ലിംകളുടെയല്ല, ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയായാണ് സംവിധാനിച്ചിരിക്കുന്നത്. നിലവിലെ എം.എല്‍.എമാരില്‍ ഒരു ആദിവാസിയടക്കം രണ്ട് അംഗങ്ങള്‍ മുസ്‌ലിം ഇതരരാണ്. ദേശീയപ്രസ്ഥാനവുമായി കൈപിടിച്ചായിരുന്നല്ലോ ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനം. അജ്മല്‍ കുടുംബമാകട്ടെ, ചെറുപ്പം തൊട്ടേ എല്ലാ വിഭാഗങ്ങളുമായും ഇടപഴകിയും മുഴുവന്‍ മനുഷ്യരെയും സേവിച്ചുകൊണ്ടുമാണ് പ്രവര്‍ത്തിച്ചുവന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ടു മാത്രമേ ഇന്ത്യയില്‍ രാഷ്ട്രീയ, സാമൂഹികമേഖലകളില്‍ പ്രവര്‍ത്തിക്കാനാവൂ. അതിനാല്‍ ബഹുസ്വരവും മതനിരപേക്ഷവുമായ ഒരു പാര്‍ട്ടിയായി തന്നെയാവും ഞങ്ങള്‍ മുന്നോട്ടുപോവുക.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം എം.പിയായതിനെ തുടര്‍ന്ന് ബദ്‌റുദ്ദീന്‍ അജ്മല്‍ വിട്ടുകൊടുത്ത സൗത്ത് സാല്‍മറയില്‍ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ നിര്‍ത്തിയിട്ടും പരാജയപ്പെടുകയായിരുന്നുവല്ലോ?
l അവിടെ രണ്ട് ഘടകങ്ങളുണ്ട്. ഒരര്‍ഥത്തില്‍ ബിസിനസില്‍ ഒതുങ്ങിക്കൂടിയിരുന്ന അബ്ദുറഹ്മാന്‍ അജ്്മല്‍ അനുയോജ്യനായ സ്ഥാനാര്‍ഥിയായിരുന്നില്ല. വ്യാപകമായ കൃത്രിമം തന്നെയായിരുന്നു മറ്റൊന്ന്. എല്ലാമായിട്ടും ആറായിരം വോട്ടാണ് ഭൂരിപക്ഷം. ഏതായാലും അതില്‍നിന്നുള്ള ഗുണപാഠങ്ങള്‍ കൂടി അടുത്ത ചുവടില്‍ ഞങ്ങള്‍ക്ക് ഉപകരിക്കും. 2005ല്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ അഖിലേന്ത്യാനേതാവ് മൗലാന അസ്അദ് മദനി ഗുവാഹതിയില്‍ വെച്ച് ഗഗോയിയെ വെല്ലുവിളിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ ഇനിയും മടിച്ചാല്‍ ഗഗോയ് ബ്രഹ്മപുത്രയില്‍ മുങ്ങിത്താഴും എന്നായിരുന്നു ആ മുന്നറിയിപ്പ്. എ.യു.ഡി.എഫിന്റെ ആഗമനത്തോടെ തന്നെ കോണ്‍ഗ്രസ്‌സര്‍ക്കാര്‍ മുങ്ങിത്തുടങ്ങുകയായി. അടുത്ത തെരഞ്ഞെടുപ്പോടെ അത് പൂര്‍ത്തിയാവുകതന്നെ ചെയ്യും.
ഇക്കഴിഞ്ഞ രാജ്യസഭാതെരഞ്ഞെടുപ്പില്‍ എ.യു.ഡി.എഫിന്റെ രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണല്ലോ വോട്ട് ചെയ്തത്?
l അക്കാര്യത്തില്‍ പാര്‍ട്ടി കടുത്ത നടപടിയെടുക്കും. അവര്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇത്തരം അഞ്ചാംപത്തികളും അധികാരമോഹികളും എവിടെയുമുണ്ടാകും. അത്തരക്കാരെ ചാക്കിട്ടു പിടിക്കാനായി കോണ്‍ഗ്രസ് ഭരണസ്വാധീനം പ്രയോഗിക്കുന്നുമുണ്ട്. എന്നാല്‍ ഇതൊന്നും പാര്‍ട്ടിയെ ക്ഷീണിപ്പിക്കുമെന്നു കരുതേണ്ട.
1983ല്‍ കലാപം കത്തിയാളിയ നെല്ലി സന്ദര്‍ശിച്ചാണ് ഞാന്‍ വരുന്നത്. ഔദ്യോഗിക കണക്കനുസരിച്ചുതന്നെ വൃദ്ധരും പിഞ്ചുകുഞ്ഞുങ്ങളുമടക്കം 2500 മുസ്‌ലിംകള്‍ കൊലചെയ്യപ്പെട്ട അവിടെ 27 വര്‍ഷത്തിനുശേഷവും നഷ്ടപരിഹാരമായി ഒന്നും അനുവദിച്ചുകിട്ടിയില്ലെന്ന അമര്‍ഷവും സങ്കടവും ബാക്കിയാണ്?
l ദുഃഖകരമാണ് നെല്ലിയുടെ അനുഭവം. നഷ്ടപരിഹാരം ഇതുവരെ അനുവദിക്കപ്പെട്ടില്ല. ആളുകള്‍ ഇപ്പോഴും സ്വന്തമായി വെച്ചുകെട്ടിയ കുടിലുകളിലാണ്. റോഡില്ല, വൈദ്യുതിയില്ല. എന്തുചെയ്യാം, കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ന്യൂനപക്ഷത്തോടുള്ള സമീപനമാണിത്.
കലാപകാലത്ത് രംഗത്തുണ്ടായിരുന്ന ജംഇയ്യത്തിന്റെ പിന്മുറക്കാരെന്ന നിലക്ക് എ.യു.ഡി.എഫിന് ചില ബാധ്യതകളില്ലേ?
l തീര്‍ച്ചയായും. അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുകതന്നെ ചെയ്യും. ഒരു കൊച്ചു നവാഗതപാര്‍ട്ടിക്ക് നിയമസഭ വഴി ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് ഏറെ പരിമിതിയുണ്ട്. എ.യു.ഡി.എഫിന്റെ ഏത് ആവശ്യവും നിരാകരിക്കപ്പെടുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. എങ്കിലും മാനുഷികപരിഗണനയര്‍ഹിക്കുന്ന നെല്ലിയിലെ സഹോദരങ്ങളുടെ കാര്യം ഞങ്ങള്‍ക്ക് മറക്കാനാവില്ല.
മാധ്യമം പ്രസിദ്ധീകരിച്ചത്
ReplyDelete